ഒരിക്കൽ അബൂ ജുഹൈഫ എന്ന സ്വഹാബി ഇറച്ചിയും സരീദും (കറി ചേർത്ത റൊട്ടി) കഴിച്ച് വയറു നിറഞ്ഞു. അങ്ങനെ തിരുനബി (സ്വ)യുടെ മുമ്പിൽ ചെന്ന് ഏമ്പക്കം വിട്ടു. അന്നേരം നബി (സ്വ) അദ്ദേഹത്തോട് പറഞ്ഞു:'ഏമ്പക്കം വിടാതെ അബൂ ജുഹൈഫ! ദുനിയാവിൽ കൂടുതൽ വയറു നിറക്കുന്ന ജനങ്ങളാണ് അന്ത്യനാളിൽ കൂടുതൽ വിശക്കുന്നവർ'. ഈ ഉപദേശം കേട്ട ശേഷം അബൂ ജുഹൈഫ (റ) അമിതമായി ആഹരിക്കുകയില്ലെന്ന് തീരുമാനമെടുത്തു. അങ്ങനെ, അദ്ദേഹം പ്രാതൽ കഴിച്ചാൽ പിന്നെ രാത്രി ഭക്ഷണം കഴിക്കുകയില്ലായിരുന്നു, രാത്രി ആഹാരം കഴിച്ചാൽ പ്രാതൽ കഴിക്കുമായിരുന്നു. (ത്വബറാനി)
2024 ഓഗസ്റ്റ് 12, തിങ്കളാഴ്ച
വയറു നിറച്ചു കഴിക്കല് നല്ലതല്ല
വയറു നിറയുന്നത് വരെ ഭക്ഷണം കഴിക്കുന്നത് നബി (സ്വ) വിലക്കിയിട്ടുണ്ട്. കാരണം, അത് ആരോഗ്യത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
സ്ത്രീ: ശരീരവും ശരീഅഃതും
ആമുഖം
ഇസ്ലാമിൽ സ്ത്രീക്ക് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും നല്ല സുരക്ഷയും കരുതലുമുള്ള വസ്ത്രധാരണ രീതിയാണ് ഇസ്ലാം സ്ത്രീകൾക്കായി നിശ്ചയിച്ചിട്ടുള്ളത്. പ്രകൃതിപരമായ സ്ത്രീത്വത്തിന്റെ കുലീനതയും പൊതു സമൂഹത്തിലെ സംരക്ഷണവും എല്ലാം മുൻനിർത്തി വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്തമായ ഔറത്ത് (ശരീരത്തിൽ നിന്നും മറക്കേണ്ട ഭാഗങ്ങൾ) ഇസ്ലാം നിർണയിച്ചിട്ടുണ്ട്.
ഇസ്ലാമിക കാഴ്ചപ്പാടിൽ സ്ത്രീയുടെ ഔറത്തുകൾ ഏതൊക്കെ എന്നും ഏതൊക്കെ സന്ദർഭങ്ങളിൽ എന്നും ചെറിയ രൂപത്തിൽ വിവരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
സ്ത്രീയും ഔറത്തും
സ്ത്രീ ശരീരം മുഴുവനും മറ്റുള്ളവരുടെ കാഴ്ചയിൽ നിന്നും മറക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും ആണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മറ്റെല്ലാ കാര്യങ്ങളിലും ഉള്ള പോലെ തന്നെ സ്വതന്ത്ര സ്ത്രീക്കും അടിമ സ്ത്രീക്കും വ്യത്യസ്തമായ ഔറത്തിന്റെ പരിധികളാണ് ഇസ്ലാം നിശ്ചയിച്ചത്.
സ്വതന്ത്ര സ്ത്രീയുടെ കാര്യത്തിൽ വരുന്ന ഔറത്തിന്റെ വിവിധ രൂപങ്ങൾ ഇവിടെ ചർച്ച ചെയ്യാം.
പ്രധാനമായി സ്വതന്ത്ര സ്ത്രീക്ക് നാല് ഔറത്തുകൾ ആണുള്ളത്.
1. അന്യ പുരുഷന്മാരുടെ മുന്നിൽ: ശരീരം മുഴുവനും ഔറത്താണ്.
2. വിവാഹബന്ധം ഹറാമായവരുടെ (മഹ്രമുകളുടെ) മുന്നിലും, ഒറ്റയ്ക്കിരിക്കുന്ന സമയത്തും: മുട്ട് പൊക്കിളിന് ഇടയിലുള്ള സ്ഥലം.
3. അമുസ്ലിം സ്ത്രീയുടെ മുമ്പിൽ മുസ്ലിം സ്ത്രീയുടെ ഔറത്ത് : സാധാരണ ജോലി സമയത്ത് വെളിവാകുന്ന ശരീരഭാഗമല്ലാത്തതെല്ലാം അമുസ്ലിം സ്ത്രീയുടെ മുമ്പിൽ മുസ്ലിം സ്ത്രീ മറച്ചിരിക്കണം. തല, പിരടി, തുടങ്ങിയവയെല്ലാം ജോലി സമയം വെളിവാകുന്നതിനാൽ അവ അമുസ്ലിം സ്ത്രീയുടെ മുമ്പിൽ ഔറത്തല്ലെന്ന് മനസ്സിലാക്കാം.
4. നിസ്കാരത്തിൽ : മുഖവും മുൻകൈയും ഒഴിച്ചുള്ള മുഴുവൻ ഭാഗവും
സ്വന്തം ഭർത്താവിന്റെ മുന്നിൽ സ്ത്രീയുടെ ശരീരത്തിൽ നിന്ന് അല്പം പോലും ഔറത്തല്ല.
ഓരോ സമയത്തും ഉള്ള ഔറത്തുകൾ നിർണയിച്ചതിൽ കൃത്യമായ യുക്തിയും താല്പര്യങ്ങളും ശർഇന്ന് ഉണ്ട്.
സ്ത്രീയോട് സ്വന്തം ശരീരം മറ്റുള്ളവരിൽ നിന്ന് മറക്കാൻ ഇസ്ലാം ആജ്ഞാപിക്കുന്നത് പോലെ തന്നെ, അല്ലെങ്കിൽ അതിലേറെ കർക്കശമായി മറ്റുള്ളവരുടെ ഔറത്തിലേക്കുള്ള നോട്ടം ഇസ്ലാം വിലയ്ക്കുന്നുണ്ട്.
നോട്ടം പിശാചിന്റെ വിഷമൂകളിൽ പെട്ട അമ്പാണെന്ന പ്രവാചക വചനം മനസ്സിലാക്കിത്തരുന്നത് പോലെ സകല ദുഷ് ചെയ്തികളുടെയും ഉറവിടമാണ് ഔറത്ത് പ്രദർശനവും കാഴ്ചയും എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
അന്യ പുരുഷന്മാരിൽ നിന്ന് ശരീരം മുഴുവൻ മറക്കപ്പെടേണ്ടതാണ് എന്ന് പറഞ്ഞതിലൂടെ സ്ത്രീ ശരീരം വളരെ ഭദ്രമായി സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന് മനസ്സിലാക്കാം. പ്രായപൂർത്തി എത്തിയ പുരുഷന്മാർക്ക് പുറമേ വൈകാരിക ചിന്തകൾ എത്തിയ ആൺകുട്ടികളും ഈ പരിധിയിൽ പെടും എന്ന് മനസ്സിലാക്കേണ്ടതാണ്.
എങ്കിലും മുകളിൽ സൂചിപ്പിച്ച അവസരങ്ങളിൽ അല്ലാതെ മറ്റു പല സമയങ്ങളിലും സ്ത്രീയുടെ ഔറത്തിൽ സന്ദർഭോചിതമായി പല ഇളവുകളും അനുവദിച്ചതായി കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നും മനസ്സിലാക്കി എടുക്കാൻ സാധിക്കും.
• സ്വതന്ത്ര സ്ത്രീയുടെ വിവാഹ തേട്ടത്തിന് (പെണ്ണുകാണൽ) വേണ്ടി മുഖവും ഇരു മുൻകൈകളും പ്രതിശ്രുത വരന് അനുവദനീയമാണ്. എന്നാൽ അടിമ സ്ത്രീയുടെ ഔറത്ത് ആ സമയത്തും മുട്ടു പൊക്കിളിന്റെ ഇടയിലുള്ള സ്ഥലം തന്നെയാണ്.
• നിബന്ധനകൾക്ക് വിധേയമായ ചികിത്സ ആവശ്യത്തിനുവേണ്ടി ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് നോക്കൽ അനുവദനീയമാണ്.
• ഇടപാടുകൾക്കു വേണ്ടിയും സാക്ഷി പറയുന്നതിന് വേണ്ടിയും മുഖം മാത്രമേ നോക്കൽ അനുവദനീയമുള്ളൂ.
• വ്യഭിചാരം പോലെയുള്ള കുറ്റങ്ങൾക്ക് സാക്ഷി നിൽക്കുന്നതിനു വേണ്ടി അത്തരം സാഹചര്യങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിലേക്ക് നോക്കൽ അനുവദനീയമാണ്.
നിഖാബ് ധരിച്ച സ്ത്രീയെ നോക്കൽ:
കണ്ണും കൺകുഴിയുമല്ലാത്ത ഒന്നും വ്യക്തമല്ലാത്ത നിക്കാബ് ധരിച്ച സ്ത്രീകളുടെ കൺ ഭാഗങ്ങളിലേക്ക് മനപ്പൂർവം നോക്കലും ഹറാം തന്നെയാണ്.
അറിയാതെയുള്ള നോട്ടം:
മനപ്പൂർവമുള്ള നോട്ടങ്ങളെ കുറിച്ചാണ് മുകളിൽ പ്രസ്താവിച്ചതെല്ലാം. എന്നാൽ സന്ദർഭവശാൽ അറിയാതെ ഒരു തവണ നോക്കുന്നതിന് വിരോധമില്ല.
സ്ത്രീ ശബ്ദം :
സ്ത്രീകളുടെ ശബ്ദം ഔറത്ത് അല്ല. എങ്കിലും വികാരമുളവാക്കുന്ന തരത്തിൽ അത് കേൾക്കലും ആസ്വദിക്കലും മറ്റെല്ലാ കാര്യങ്ങളെയും പോലെ തന്നെ ഹറാമാണ്.
ഉപസംഹാരം
നിത്യജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ മുസ്ലിം സ്ത്രീ സ്വീകരിക്കേണ്ട ഔറത്തിന്റെ രൂപങ്ങളും അനുബന്ധമായ വിവിധ കർമ്മ ശാസ്ത്ര വിധികളുമാണ് ഈ ചെറിയ പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ജീവിതത്തിൽ വളരെ ഗൗരവപൂർവ്വം ശ്രദ്ധിക്കേണ്ട മുസ്ലിം സ്ത്രീയുടെ ഔറത്ത് ഇന്ന് പരിഗണിക്കാതെ പോകുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്.
കുടുംബങ്ങളിലും കൂട്ടു ബന്ധങ്ങളിലും മറ്റു വ്യവഹാര ഇടങ്ങളിലും തന്നിഷ്ടപ്രകാരം ഇടപെടുകയും ശരീരം പ്രദർശിപ്പിക്കുകയും ചെയ്യുന്ന രീതിക്ക് പകരം കൃത്യമായ ഇസ്ലാമിക വിധിവിലക്കുകൾ അനുസരിച്ച് തന്നെ എല്ലാ കാര്യങ്ങളിലും മുസ്ലിം സ്ത്രീക്ക് മുന്നിൽ നിൽക്കാൻ സാധിക്കും. ഔറത്ത് മറക്കലും സ്വശരീരം സംരക്ഷിക്കലും ഇസ്ലാമികവും സാമൂഹികവുമായ ബാധ്യതയായി ഇന്നത്തെ സമൂഹം സ്വീകരിക്കേണ്ടതുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)